Monday, April 20, 2020

ലക്ഷ്യത്തിലേക്ക്

ലോകത്ത് പണക്കാരും പാവപ്പെട്ടവരും ജീവിത സൗകര്യങ്ങൾ കൂടുതലുള്ളവരും കുറവുള്ളവരുമുണ്ട്.എല്ലാവര്ക്കും ഒരേപോലെ ലഭിക്കുന്ന ഒരു വിഭവമാണ് സമയം.ഇന്ത്യൻ പ്രധാനമന്ത്രിക്കും അമേരിക്കൻ പ്രസിഡന്റിനും പ്രമുഖ ശാസ്ത്രജ്ഞന്മാർക്കും സിനിമാ താരങ്ങൾക്കും സച്ചിൻ ടെണ്ടുൽക്കർക്കും എനിക്കും നിങ്ങൾക്കുമെല്ലാം ഒരു ദിവസത്തിൽ ഇരുപത്തി നാല് മണിക്കൂർ മാത്രമേ ലഭിക്കുന്നുള്ളൂ.ഈ ഇരുപത്തി നാല് മണിക്കൂർ ശരിയായി ഉപയോഗിച്ച് ചുരുക്കം ചിലർ നേട്ടങ്ങൾ കൊയ്യുമ്പോൾ ഭൂരിപക്ഷം പേരും സാധാരണ ജീവിതത്തിൽ തന്നെ കഴിയുന്നു.
സമയം ഫലപ്രദമായി വിനിയോഗിക്കുന്നതെങ്ങനെയാണ്?ജീവിത വിജയം കൈവരിച്ചിട്ടുള്ളവർ സമയം എങ്ങനെയാണ് വിനിയോഗിക്കുന്നത്?
ഇതിനാദ്യം വേണ്ടത് സമയം എന്തിനുവേണ്ടി വിനിയോഗിക്കണം എന്ന് കണ്ടെത്തുകയാണ്.ഇപ്പോൾ ഫേസ്ബുക്ക് നോക്കിയാൽ ധാരാളം പേർ പട്ടു പാടുകയും,നൃത്തം ചെയ്യുകയും,പുതിയ ആശയങ്ങൾ പങ്കുവെയ്ക്കുകയുമൊക്കെ ചെയ്യുന്നത് കാണാം.ഇത്രയും നാൾ ഇവരൊക്കെ എവിടെയായിരുന്നു എന്ന് നമ്മൾ അത്ഭുതപ്പെടും.സാധാരണ ജീവിതം നയിക്കുന്നതിനിടയിൽ ഈ കഴിവുകളൊക്കെ മറഞ്ഞുകിടക്കുകയായിരുന്നു എന്നതാണ് വസ്തുത.
ഇപ്പോഴീ കഴിവുകൾ പുറത്ത് വരാൻ കാരണമെന്തായിരിക്കും?ലോക് ഡൌൺ ആയതുകൊണ്ട് ധാരാളം സമയം കിട്ടുന്നു.അതുകൊണ്ട് കഴിവുകൾ പ്രകടിപ്പിക്കാൻ കഴിയുന്നു എന്നതാണ് ഉത്തരം.സ്വന്തം കഴിവുള പുറത്ത് കൊണ്ട് വരാൻ പോലും കഴിയാത്ത രീതിയിലുള്ള തിരക്കോ?അങ്ങനെയുള്ള തിരക്ക് കൊണ്ട് എന്താണ് കാര്യമെന്ന് ആലോചിക്കേണ്ട സമയമായി.
യഥാർത്ഥത്തിൽ ഈ തിരക്ക് മറ്റുള്ളവർ നമ്മിൽ അടിച്ചെൽപ്പിച്ചതാണ്.എന്തിനു വേണ്ടിയാണ് നമ്മൾ തിരക്ക് കൂട്ടുന്നത്?സീരിയൽ കാണാൻ,സിനിമ കാണാൻ,കമ്പ്യൂട്ടർ ഗെയിം കളിയ്ക്കാൻ,മൊബൈലിൽ തമാശ വീഡിയോ കാണാൻ.അങ്ങനെ ആവശ്യമില്ലാത്ത കാര്യങ്ങൾക്ക് വേണ്ടിയുള്ള തിരക്കായിരുന്നു ഉണ്ടായിരുന്നത്.നമ്മിൽ മറ്റുള്ളവരോ സാഹചര്യങ്ങളോ അടിച്ചെല്പിച്ച തിരക്ക്.
ഇതിനിടയിൽ നമ്മുടെ ഇഷ്ടങ്ങളെക്കുറിച്ചും കഴിവുകളെക്കുറിച്ചും ചിന്തിക്കാനും കുടുംബത്തോടൊപ്പം സമയം ചെലവിടാനും പ്രകൃതി സൗന്ദര്യം ആസ്വദിക്കാനുമൊക്കെ നമ്മൾ മറന്നു പോകുന്നു.
ലോക് ഡൌൺ വന്നു.നമ്മുടെ മേൽ അടിച്ചെല്പിച്ച തിരക്കുകൾ ഇല്ലാതായി.സ്വസ്ഥമായി വീടുകളിൽ തന്നെയിരിക്കാനുള്ള സമയം കിട്ടി.അപ്പോഴാണ് നമ്മുടെ താത്പര്യങ്ങളെക്കുറിച്ചും ഇഷ്ടങ്ങളെക്കുറിച്ചും 
ചെറുപ്പകാലത്ത് ഉണ്ടായിരുന്ന,പിന്നെ നഷ്ടപ്പെട്ടുപോയ മോഹങ്ങളെക്കുറിച്ചുമെല്ലാം നമ്മളോർക്കുന്നത്.എ മോഹങ്ങൾ നേടാനുള്ള സമയവും ആവശ്യത്തിനുണ്ട്.ഇതാണ് കഴിവുകൾ പ്രകടമാക്കാൻ ധാരാളം പേർ മുന്നോട്ടു വരാൻ കാരണം.
എന്നാൽ എല്ലാ കാലവും ഇങ്ങനെയാവില്ല .ലോക് ഡൌൺ അവസാനിക്കും.നമ്മൾ പഴയ തിരക്കുകളിലേക്ക് തിരികെപ്പോകും.അപ്പോൾ നമ്മുടെ മോഹങ്ങൾക്കും ഇഷ്ടങ്ങൾക്കും പഴയതുപോലെ അവധി കൊടുക്കണോ?ഇപ്പോൾ നമ്മൾ നേടിയ തിരിച്ചറിവ് ഉപേക്ഷിക്കണോ?
തീർച്ചയായും ഉപേക്ഷിക്കരുത്.അതിനാദ്യം വേണ്ടത് നമ്മുടെ ഇഷ്ടങ്ങൾ കൂടുതൽ വ്യക്തതയോടെ തിരിച്ചറിയുകയാണ്.നമ്മുക്ക് ജീവിതത്തിൽ നേടിയെടുക്കാൻ കഴിഞ്ഞിട്ടില്ലാത്ത എന്നാൽ നേടിയെടുക്കണമെന്ന് ആഗ്രഹമുള്ള പത്ത് ആഗ്രഹങ്ങളെന്തെല്ലാമാണ്?ഓരോന്നായി ഒരു വെള്ള പേപ്പറിൽ എഴുതുക.അത് നടക്കുമോ ഇല്ലയോ എന്നൊന്നും ആലോചിക്കേണ്ട.അത് നേടാനുള്ള സാമ്പത്തിക ശേഷി നമുക്കുണ്ടോ എന്നും ചിന്തിക്കേണ്ട.മറ്റാരെയും കാണിക്കുകയും വേണ്ട.ചിലപ്പോൾ ഏഴ് ആഗ്രഹങ്ങളേ കിട്ടുകയുള്ളൂ.അതുമതി .
ആഗ്രഹങ്ങൾ പേപ്പറിൽ തയ്യാറാക്കിയത് കൊണ്ട് മാത്രമായില്ല.അതിനെ കൊച്ചു കൊച്ചു ആഗ്രഹങ്ങളായി വിഭജിക്കണം.ഉദാഹരണത്തിന് എനിക്ക് ലോകപ്രശസ്ത ഭരതനാട്യം നർത്തകിയാകണമെന്ന് ഒരു പെൺകുട്ടി ആഗ്രഹിച്ചെന്നിരിക്കട്ടെ.
അതിനാദ്യം വേണ്ടത് ഭരതനാട്യം പരിശീലിച്ച് തുടങ്ങുകയാണ്.ആഴ്ചയിൽ എത്രമണിക്കൂർ  പഠിക്കണമെന്ന് തീരുമാനിച്ച് നല്ലൊരു ഗുരുവിന്റെ കീഴിൽ പഠിച്ച് തുടങ്ങുകയാണ് ആദ്യം വേണ്ടത്.
ഇനിയൊരു രഹസ്യം പറയാം.ഏതെങ്കിലും വിഷയത്തിൽ ലോക നിലവാരത്തിലുള്ള പ്രതിഭയാകാൻ 10000 മണിക്കൂർ ആ വിഷയം പഠിക്കുകയും പരിശീലിക്കുകയും ചെയ്‌താൽ മതിയെന്നാണ് ഗവേഷണങ്ങൾ തെളിയിക്കുന്നത്.ദിവസം രണ്ട് മണിക്കൂർവെച്ച് നൃത്തം പഠിച്ചാൽ 13 വർഷം കൊണ്ട് ലോക പ്രശസ്ത നർത്തകിയാകാം.ദിവസം അതിനു വേണ്ടി ചെലവിടുന്ന സമയം കൂട്ടിയാൽ ലക്ഷ്യത്തിലെത്തതാൻ വർഷവും കുറച്ച് മതി.
മാത്രമല്ല  വിഷയത്തിൽ വിദഗ്‌ദ്ധനാകുക എന്നത് ഒരു സ്ഥലത്ത് എത്തിച്ചേരുന്നത് പോലെയല്ല.അത് ഒരു പ്രക്രിയയാണ്.നമ്മൾ ചെലവിടുന്ന ഓരോ നിമിഷവും നമ്മെ ലക്ഷ്യത്തിലേക്ക് എത്തിച്ച് കൊണ്ടിരിക്കുകയാണ്.ആയതിനാൽ ഏത് തിരക്കിനിടയിലും നമ്മളുടെ മോഹപ്പട്ടികയിലെ ഇനങ്ങൾ നേടാനുള്ള യാത്രക്കായി സമയം നീക്കി വെക്കേണ്ടത് ആവശ്യമാണ് .നമ്മൾ ചെലവിടുന്ന ഓരോ മണിക്കൂറും നമ്മെ ലക്ഷ്യത്തിലേക്ക് എത്തിക്കുകയാണെന്ന് മറക്കരുത്.