Monday, June 30, 2025

മെർച്ചൻ്റ് നേവിയിൽ ചേരാം

 ലോക വ്യാപാരത്തിന്റെ സിരകളായ സമുദ്രപാതകളിലൂടെ ചരക്കുകൾ നീക്കുന ലോക സാമ്പത്തിക വ്യവസ്ഥയുടെ അവിഭാജ്യ ഘടകമായ മർച്ചന്റ് നേവി അനന്തമായ സാധ്യതകൾ തുറന്നു നൽകുന്നു.

വെറുമൊരു ജോലിയെന്നതിലുപരി, ലോകം ചുറ്റിക്കാണാനും വ്യത്യസ്ത സംസ്കാരങ്ങളെ അടുത്തറിയാനും ഉയർന്ന വരുമാനം നേടാനും സഹായിക്കുന്ന ഒരു ജോലിയാണ് മർച്ചന്റ് നേവി വാഗ്ദാനം ചെയ്യുന്നത്.

വാണിജ്യപരമായ ആവശ്യങ്ങൾക്ക് വേണ്ടി ഉപയോഗിക്കുന്ന കപ്പലുകളും അവയിലെ ജീവനക്കാരും ഉൾക്കൊള്ളുന്നതാണ്

 മർച്ചന്റ് നേവി. എണ്ണ ടാങ്കറുകൾ, കണ്ടെയ്നർ കപ്പലുകൾ, ബൾക്ക് കാരിയറുകൾ, പാസഞ്ചർ കപ്പലുകൾ, റോ-റോ കപ്പലുകൾ, ക്രൂസ് എന്നിങ്ങനെ വിവിധ തരം കപ്പലുകൾ ഈ മേഖലയിലുണ്ട്. ലോകമെമ്പാടുമുള്ള തുറമുഖങ്ങളിൽ ചരക്കുകളും യാത്രക്കാരെയും എത്തിക്കുക എന്നതാണ് മർച്ചന്റ് നേവിയുടെ പ്രധാന ചുമതലകളും  ഉത്തരവാദിത്തവും നിർവഹിക്കുന്നത് ക്യാപ്റ്റനാണ്.

കൂടാതെ കപ്പലിന്റെ എൻജിൻ, യന്ത്രങ്ങൾ, പമ്പ് സംവിധാനങ്ങൾ, വൈദ്യുതി ഉപകരണങ്ങൾ എന്നിവയുടെ പ്രവർത്തനവും പരിപാലനവും നിർവഹിക്കുന്ന ചീഫ് എൻജിനീയർ, സെക്കൻഡ് എൻജിനീയർ, തേർഡ് എൻജിനീയർ, ഫോർത്ത് എൻജിനീയർ, എൻജിൻ കാഡറ്റ്, ഫിറ്റർ, വെൽഡർ, ഇലക്ട്രീഷ്യൻ, ഓയിലർ തുടങ്ങിയവരുടെ ഒരു നിരയുണ്ടാകും.

കപ്പലിലെ ജീവനക്കാർക്കും യാത്രക്കാർക്കും ഭക്ഷണം, ശുചിത്വം, താമസം എന്നിവയുടെ ചുമതല വഹിക്കുന്ന കാറ്ററിംഗ്  വിഭാഗവും ഉണ്ടായിരിക്കും..

ഇന്ത്യൻ മാരിടൈം യൂനിവേഴ്സിറ്റിയുടെ (ഐ.എം.യു) കീഴിലുള്ള കോളജുകളാണ് ഇന്ത്യയിൽ മർച്ചന്റ് നേവി കോഴ്സുകൾക്ക് നേതൃത്വം നൽകുന്നത്.ഐ.എം.യു കോമൺ എൻ​ട്രൻസ് ടെസ്റ്റ് (സി.ഇ.ടി) വഴിയാണ് മുഖ്യമായും കോഴ്സുകളിലേക്ക് തെരഞ്ഞെടുക്കുന്നത്. ഷിപ്പിങ് കമ്പനികളുടെ സ്വന്തം നിലക്കുള്ള പരീക്ഷകളും അഭിമുഖങ്ങളും മുഖേനയും കോഴ്സുകളിലേക്ക് പ്രവേശനം നേടാം.

കോഴ്സുകൾ

1.ബി.ടെക് (മറൈൻ എൻജിനീയറിങ്)

 നാല് വർഷത്തെ ബിരുദ കോഴ്സ്. എൻജിൻ വിഭാഗത്തിൽ ഓഫിസറാകാൻ ആഗ്രഹിക്കുന്നവർക്ക് ഇത് തിരഞ്ഞെടുക്കാം. പ്ലസ് ടുവിന് ഫിസിക്സ്, കെമിസ്ട്രി, മാത്തമാറ്റിക്സ് വിഷയങ്ങൾ 60 ശതമാനം മാർക്കോടെ പാസായിരിക്കണം. ഇംഗ്ലീഷിന് 50 ശതമാനം മാർക്ക് നിർബന്ധം. 

2.ബി.എസ് സി (നോട്ടിക്കൽ സയൻസ്)

മൂന്ന് വർഷത്തെ ബിരുദ കോഴ്സ്. ഡെക്ക് വിഭാഗത്തിൽ ഓഫിസറാകാൻ ആഗ്രഹിക്കുന്നവർക്ക് ഇത് തിരഞ്ഞെടുക്കാം. പ്ലസ് ടുവിന് ഫിസിക്സ്, കെമിസ്ട്രി, മാത്തമാറ്റിക്സ് വിഷയങ്ങൾക്ക് 60 ശതമാനം മാർക്ക്. ഇംഗ്ലീഷിന് 50 ശതമാനംമാർക്ക് നിർബന്ധം. പ്രവേശന പരീക്ഷ: ഐ.എം.യു സി.ഇ.ടി

3.ഡിപ്ലോമ ഇൻ നോട്ടിക്കൽ സയൻസ് (ഡി.എൻ.എസ്- സ്പോൺസേർഡ്)

 ഒരു വർഷത്തെ പ്രീ-സീ പരിശീലന കോഴ്സ്. ഒരു ഷിപ്പിങ് കമ്പനിയുടെ സ്പോൺസർഷിപ്പോടെ ഈ കോഴ്സ് ചെയ്യാം. കോഴ്സ് പൂർത്തിയാക്കിയ ശേഷം കമ്പനിയുടെ കപ്പലിൽ ഒരു വർഷം പ്രീ-സീ പരിശീലനം പൂർത്തിയാക്കണം.പ്ലസ് ടുവിന് ഫിസിക്സ്, കെമിസ്ട്രി, മാത്തമാറ്റിക്സ് വിഷയങ്ങൾക്ക് 60 ശതമാനം മാർക്ക്. ഇംഗ്ലീഷിന് 50 ശതമാനം നിർബന്ധം. ചിലർ 70 ശതമാനം മാർക്ക് പറയുന്നുണ്ട്.

4.ഗ്രാജുവേറ്റ് മറൈൻ എൻജിനീയറിങ് (ജി.എം.ഇ)

മെക്കാനിക്കൽ എൻജിനീയറിങ്ങിലോ നേവൽ ആർക്കിടെക്ചറിലോ ബിരുദം നേടിയവർക്ക് എൻജിൻ വിഭാഗത്തിൽ ഓഫിസറാകാൻ ഒരു വർഷത്തെ ഈ കോഴ്സ് ചെയ്യാം. യോഗ്യത: എ.ഐ.സി.ടി.ഇ അംഗീകൃത സർവകലാശാലയിൽ നിന്ന് മെക്കാനിക്കൽ എൻജിനീയറിങ്ങിൽ/ നേവൽ ആർക്കിടെക്ചറിൽ ബിരുദം. 50 ശതമാനം മാർക്ക് നിർബന്ധം.

5.ഇലക്ട്രോ ടെക്നിക്കൽ ഓഫിസർ (ഇ.ടി.ഒ) കോഴ്സ്

നാല് മാസത്തെ കോഴ്സ്.കപ്പലുകളിലെ ഇലക്ട്രിക്കൽ, ഇലക്ട്രോണിക്സ് സംവിധാനങ്ങൾ കൈകാര്യം ചെയ്യുന്ന പരിശീലനം. യോഗ്യത: ഇലക്ട്രിക്കൽ/ഇലക്ട്രോണിക്സ് എൻജിനീയറിങ്ങിൽ ഡിപ്ലോമ അല്ലെങ്കിൽ ബിരുദം.

6.റേറ്റിങ്സ് കോഴ്സുകൾ

ഓഫിസർമാരെ സഹായിക്കുന്നവരാണ് റേറ്റിങ്സ് വിഭാഗത്തിലുള്ളവർ. പ്രീ-സീ ട്രെയിനിങ് ഫോർ ജനറൽ പർപ്പസ് റേറ്റിങ്സ് (ജി.പി റേറ്റിങ്): ആറു മാസത്തെ കോഴ്സ്. ഡെക്ക്, എൻജിൻ വിഭാഗങ്ങളിൽ ജോലി നേടാൻ സഹായിക്കുന്ന അടിസ്ഥാന പരിശീലനം നൽകുന്നു.

യോഗ്യത: പത്താം ക്ലാസ് 40 ശതമാനം മാർക്കോടെ പാസായിരിക്കണം. ഇംഗ്ലീഷിന് 40ശതമാനം മാർക്ക്. അല്ലെങ്കിൽ പ്ലസ് ടു പാസ്.

7.പ്രീ-സീ ട്രെയിനിങ് ഫോർ സാലൂൺ റേറ്റിങ്സ്

ആറു മാസത്തെ കോഴ്സ്. കാറ്ററിങ് വിഭാഗത്തിൽ ജോലി നേടാൻ സഹായിക്കുന്ന പരിശീലനം നൽകുന്നു. യോഗ്യത: പത്താം ക്ലാസ് പാസ്.

എല്ലാ കോഴ്സുകൾക്കും പ്രവേശനത്തിന് മികച്ച ശാരീരികക്ഷമതയും കാഴ്ചശക്തിയും നിർബന്ധമാണ്. വർണാന്ധത പാടില്ല.

ഇന്ത്യൻ മാരിടൈം യൂനിവേഴ്സിറ്റിയുടെ കീഴിൽ പ്രവർത്തിക്കുന്നതും ഡയറക്ടറേറ്റ് ജനറൽ ഓഫ് ഷിപ്പിങ്ങിന്റെ അംഗീകാര മുള്ളതുമായ മികച്ച പരിശീലന സ്ഥാപനങ്ങൾ.

1.ഇന്ത്യൻ മാരിടൈം യൂനിവേഴ്സിറ്റി കാമ്പസുകൾ
ചെന്നൈ, കൊൽക്കത്ത, മുംബൈ, വിശാഖപട്ടണം, കൊച്ചി,ടോളാനി മാരിടൈം ഇൻസ്റ്റിറ്റ്യൂട്ട്, പുനെ എന്നിവ മികച്ച സ്വകാര്യ മാരിടൈം സ്ഥാപനങ്ങളിലൊന്ന്.

2.അക്കാദമി ഓഫ് മാരിടൈം എജുക്കേഷൻ ആൻഡ് ട്രെയിനിങ് യൂനിവേഴ്സിറ്റി, ചെന്നൈ: കല്പിത സർവകലാശാല പദവിയുള്ള സ്ഥാപനം.

3.ഗ്രേറ്റ് ഈസ്റ്റേൺ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാരിടൈം സ്റ്റഡീസ്, മുംബൈ: പ്രമുഖ ഷിപ്പിങ് കമ്പനിയായ ഗ്രേറ്റ് ഈസ്റ്റേൺ ഷിപ്പിങ് കമ്പനിയുടെ കീഴിലുള്ള സ്ഥാപനം.

4.ആർപിഎസ്സി കോളജ് ഓഫ് നോട്ടിക്കൽ സയൻസസ്, ദഹ്നു റോഡ്, മഹാരാഷ്ട്ര.

5.ട്രെയിനിങ് ഷിപ്പ് ചാണക്യ, മുംബൈ: ഡയറക്ടറേറ്റ് ജനറൽ ഓഫ് ഷിപ്പിങ്ങിന്റെ കീഴിലുള്ള സ്ഥാപനം.

മർച്ചന്റ് നേവി ശമ്പളം

മർച്ചന്റ് നേവിയിൽ കരിയർ വളർച്ചാ സാധ്യതകളും ആകർഷക ശമ്പളവും ലഭ്യമാണ്. കാഡറ്റായി പ്രവേശിക്കുന്ന ഒരാൾക്ക് അനുഭവസമ്പത്തിലൂടെയും കൂടുതൽ പരീക്ഷകൾ പാസാകുന്നതിലൂടെയും ക്യാപ്റ്റൻ അല്ലെങ്കിൽ ചീഫ് എൻജിനീയർ പദവികളിലേക്ക് എത്താൻ സാധിക്കും.

ആരംഭത്തിൽ കാഡറ്റിന് ഏകദേശം 25,000 - 50,000 വരെ ശമ്പളം ലഭിക്കാം.

പരിചയസമ്പന്നരായ ഓഫിസർമാർക്ക് ഒരു ലക്ഷം മുതൽ എട്ടു ലക്ഷം രൂപ വരെയും കൂടുതലും മാസം ലഭിക്കാം.

ചീഫ് എൻജിനീയർമാർക്കും ക്യാപ്റ്റന്മാർക്കും പ്രതിമാസം 8-20 ലക്ഷം രൂപ വരെയും അതിൽ കൂടുതലും ലഭിക്കാറുണ്ട്.

കൂടാതെ നികുതിയിളവ് (സമുദ്രത്തിൽ വർഷത്തിൽ 182 ദിവസമോ അതിലധികമോ ജോലി ചെയ്യുന്നവർക്ക്), സൗജന്യ താമസവും ഭക്ഷണവും, വിദേശയാത്രകൾ, നല്ല ലൈഫ് ഇൻഷുറൻസ് തുടങ്ങിയ ആനുകൂല്യങ്ങളും ലഭിക്കും

Friday, May 30, 2025

ജീവിത വിജയം നേടാൻ നിങ്ങൾക്ക് ആഗ്രഹമുണ്ടോ?

 അതിനായി എന്ത് ചെയ്യണം?എല്ലാവർക്കും ജീവിത വിജയം നേടാൻ ആഗ്രഹമുണ്ട്.പ്രത്യേകിച്ചും വിദ്യാർഥികൾക്ക്.പക്ഷേ അത് എങ്ങനെ നേടണം എന്ന് സംശയമാണ്.പരീക്ഷയിൽ ഉന്നത വിജയം നേടിയാൽ ജീവിത വിജയം നേടാം എന്നറിയാം.സിവിൽ സർവീസ് പരീക്ഷ പോലെയുള്ള പരീക്ഷകളിൽ ഉന്നത വിജയം നേടിയാൽ ഉയർന്ന ജോലി ലഭിക്കും.ജീവിത വിജയത്തിന് സഹായകമാണത്.


സിവിൽ സർവീസ് പരീക്ഷക്ക് പഠിക്കണം എന്നുണ്ട്.കൂടുതൽ പഠിക്കാൻ ഉള്ളതിനാൽ എല്ലാ പുസ്തകങ്ങളും ശേഖരിച്ച ശേഷം ഒരു ദിവസം മുഴുവനും പഠിക്കാം എന്നാണ് മിക്കവരുടെയും വിചാരം.പക്ഷേ ഇത് നടക്കാറില്ല.


ഇതിന് പരിഹാരം ഇന്ന് പഠിച്ച് തുടങ്ങുക എന്നതാണ്. ഏതു പുസ്തകമാണോ ലഭ്യമായിട്ടുള്ളത് അതു വച്ച് പഠിച്ച് തുടങ്ങുക.അര മണിക്കൂറാണ് പഠിക്കാൻ ലഭിക്കുന്നത് അത്രയും സമയം പഠിക്കുക.കൂടുതൽ സമയം ലഭിക്കാൻ വേണ്ടി കാത്തിരിക്കേണ്ട.എല്ലാ ദിവസവും ലഭ്യമായ സമയത്ത് പഠിക്കുക.ടൈം ടേബിൾ വച്ച് കൃത്യമായ സമയത്ത് പഠിക്കണം എന്നൊക്കെയുള്ള ഉപദേശം നിങ്ങൾ കേട്ടുകാണും.കഴിയുമെങ്കിൽ അങ്ങനെ ചെയ്തോളൂ.പക്ഷേ അനുയോജ്യമായ സമയം നോക്കി ഒരിക്കലും കാത്തിരിക്കരുത്.നിങ്ങൾക്ക് ലഭിക്കുന്ന സമയം എത്ര ചെറുതും ആയിക്കൊള്ളട്ടെ.ആ സമയം പഠനത്തിനായി ഉപയോഗിക്കൂ.പക്ഷേ എല്ലാ ദിവസവും ഒരു ചെറു ചുവടെങ്കിലും ലക്ഷ്യത്തിലേക്ക് വച്ചിരിക്കണം. ഇങ്ങനെ ചെറു ചുവടുകൾ വച്ച് ലക്ഷ്യം നേടുന്നതാണ് കൂടുതൽ ഫലപ്രദം എന്നാണ് ഇതേക്കുറിച്ചുള്ള ഗവേഷണങ്ങൾ ചൂണ്ടി ക്കാണിക്കുന്നത്.നിങ്ങളുടെ ലക്ഷ്യത്തിലേക്കുള്ള യാത്ര ഇന്ന് തന്നെ തുടങ്ങിക്കോളൂ.

Monday, April 20, 2020

ലക്ഷ്യത്തിലേക്ക്

ലോകത്ത് പണക്കാരും പാവപ്പെട്ടവരും ജീവിത സൗകര്യങ്ങൾ കൂടുതലുള്ളവരും കുറവുള്ളവരുമുണ്ട്.എല്ലാവര്ക്കും ഒരേപോലെ ലഭിക്കുന്ന ഒരു വിഭവമാണ് സമയം.ഇന്ത്യൻ പ്രധാനമന്ത്രിക്കും അമേരിക്കൻ പ്രസിഡന്റിനും പ്രമുഖ ശാസ്ത്രജ്ഞന്മാർക്കും സിനിമാ താരങ്ങൾക്കും സച്ചിൻ ടെണ്ടുൽക്കർക്കും എനിക്കും നിങ്ങൾക്കുമെല്ലാം ഒരു ദിവസത്തിൽ ഇരുപത്തി നാല് മണിക്കൂർ മാത്രമേ ലഭിക്കുന്നുള്ളൂ.ഈ ഇരുപത്തി നാല് മണിക്കൂർ ശരിയായി ഉപയോഗിച്ച് ചുരുക്കം ചിലർ നേട്ടങ്ങൾ കൊയ്യുമ്പോൾ ഭൂരിപക്ഷം പേരും സാധാരണ ജീവിതത്തിൽ തന്നെ കഴിയുന്നു.
സമയം ഫലപ്രദമായി വിനിയോഗിക്കുന്നതെങ്ങനെയാണ്?ജീവിത വിജയം കൈവരിച്ചിട്ടുള്ളവർ സമയം എങ്ങനെയാണ് വിനിയോഗിക്കുന്നത്?
ഇതിനാദ്യം വേണ്ടത് സമയം എന്തിനുവേണ്ടി വിനിയോഗിക്കണം എന്ന് കണ്ടെത്തുകയാണ്.ഇപ്പോൾ ഫേസ്ബുക്ക് നോക്കിയാൽ ധാരാളം പേർ പട്ടു പാടുകയും,നൃത്തം ചെയ്യുകയും,പുതിയ ആശയങ്ങൾ പങ്കുവെയ്ക്കുകയുമൊക്കെ ചെയ്യുന്നത് കാണാം.ഇത്രയും നാൾ ഇവരൊക്കെ എവിടെയായിരുന്നു എന്ന് നമ്മൾ അത്ഭുതപ്പെടും.സാധാരണ ജീവിതം നയിക്കുന്നതിനിടയിൽ ഈ കഴിവുകളൊക്കെ മറഞ്ഞുകിടക്കുകയായിരുന്നു എന്നതാണ് വസ്തുത.
ഇപ്പോഴീ കഴിവുകൾ പുറത്ത് വരാൻ കാരണമെന്തായിരിക്കും?ലോക് ഡൌൺ ആയതുകൊണ്ട് ധാരാളം സമയം കിട്ടുന്നു.അതുകൊണ്ട് കഴിവുകൾ പ്രകടിപ്പിക്കാൻ കഴിയുന്നു എന്നതാണ് ഉത്തരം.സ്വന്തം കഴിവുള പുറത്ത് കൊണ്ട് വരാൻ പോലും കഴിയാത്ത രീതിയിലുള്ള തിരക്കോ?അങ്ങനെയുള്ള തിരക്ക് കൊണ്ട് എന്താണ് കാര്യമെന്ന് ആലോചിക്കേണ്ട സമയമായി.
യഥാർത്ഥത്തിൽ ഈ തിരക്ക് മറ്റുള്ളവർ നമ്മിൽ അടിച്ചെൽപ്പിച്ചതാണ്.എന്തിനു വേണ്ടിയാണ് നമ്മൾ തിരക്ക് കൂട്ടുന്നത്?സീരിയൽ കാണാൻ,സിനിമ കാണാൻ,കമ്പ്യൂട്ടർ ഗെയിം കളിയ്ക്കാൻ,മൊബൈലിൽ തമാശ വീഡിയോ കാണാൻ.അങ്ങനെ ആവശ്യമില്ലാത്ത കാര്യങ്ങൾക്ക് വേണ്ടിയുള്ള തിരക്കായിരുന്നു ഉണ്ടായിരുന്നത്.നമ്മിൽ മറ്റുള്ളവരോ സാഹചര്യങ്ങളോ അടിച്ചെല്പിച്ച തിരക്ക്.
ഇതിനിടയിൽ നമ്മുടെ ഇഷ്ടങ്ങളെക്കുറിച്ചും കഴിവുകളെക്കുറിച്ചും ചിന്തിക്കാനും കുടുംബത്തോടൊപ്പം സമയം ചെലവിടാനും പ്രകൃതി സൗന്ദര്യം ആസ്വദിക്കാനുമൊക്കെ നമ്മൾ മറന്നു പോകുന്നു.
ലോക് ഡൌൺ വന്നു.നമ്മുടെ മേൽ അടിച്ചെല്പിച്ച തിരക്കുകൾ ഇല്ലാതായി.സ്വസ്ഥമായി വീടുകളിൽ തന്നെയിരിക്കാനുള്ള സമയം കിട്ടി.അപ്പോഴാണ് നമ്മുടെ താത്പര്യങ്ങളെക്കുറിച്ചും ഇഷ്ടങ്ങളെക്കുറിച്ചും 
ചെറുപ്പകാലത്ത് ഉണ്ടായിരുന്ന,പിന്നെ നഷ്ടപ്പെട്ടുപോയ മോഹങ്ങളെക്കുറിച്ചുമെല്ലാം നമ്മളോർക്കുന്നത്.എ മോഹങ്ങൾ നേടാനുള്ള സമയവും ആവശ്യത്തിനുണ്ട്.ഇതാണ് കഴിവുകൾ പ്രകടമാക്കാൻ ധാരാളം പേർ മുന്നോട്ടു വരാൻ കാരണം.
എന്നാൽ എല്ലാ കാലവും ഇങ്ങനെയാവില്ല .ലോക് ഡൌൺ അവസാനിക്കും.നമ്മൾ പഴയ തിരക്കുകളിലേക്ക് തിരികെപ്പോകും.അപ്പോൾ നമ്മുടെ മോഹങ്ങൾക്കും ഇഷ്ടങ്ങൾക്കും പഴയതുപോലെ അവധി കൊടുക്കണോ?ഇപ്പോൾ നമ്മൾ നേടിയ തിരിച്ചറിവ് ഉപേക്ഷിക്കണോ?
തീർച്ചയായും ഉപേക്ഷിക്കരുത്.അതിനാദ്യം വേണ്ടത് നമ്മുടെ ഇഷ്ടങ്ങൾ കൂടുതൽ വ്യക്തതയോടെ തിരിച്ചറിയുകയാണ്.നമ്മുക്ക് ജീവിതത്തിൽ നേടിയെടുക്കാൻ കഴിഞ്ഞിട്ടില്ലാത്ത എന്നാൽ നേടിയെടുക്കണമെന്ന് ആഗ്രഹമുള്ള പത്ത് ആഗ്രഹങ്ങളെന്തെല്ലാമാണ്?ഓരോന്നായി ഒരു വെള്ള പേപ്പറിൽ എഴുതുക.അത് നടക്കുമോ ഇല്ലയോ എന്നൊന്നും ആലോചിക്കേണ്ട.അത് നേടാനുള്ള സാമ്പത്തിക ശേഷി നമുക്കുണ്ടോ എന്നും ചിന്തിക്കേണ്ട.മറ്റാരെയും കാണിക്കുകയും വേണ്ട.ചിലപ്പോൾ ഏഴ് ആഗ്രഹങ്ങളേ കിട്ടുകയുള്ളൂ.അതുമതി .
ആഗ്രഹങ്ങൾ പേപ്പറിൽ തയ്യാറാക്കിയത് കൊണ്ട് മാത്രമായില്ല.അതിനെ കൊച്ചു കൊച്ചു ആഗ്രഹങ്ങളായി വിഭജിക്കണം.ഉദാഹരണത്തിന് എനിക്ക് ലോകപ്രശസ്ത ഭരതനാട്യം നർത്തകിയാകണമെന്ന് ഒരു പെൺകുട്ടി ആഗ്രഹിച്ചെന്നിരിക്കട്ടെ.
അതിനാദ്യം വേണ്ടത് ഭരതനാട്യം പരിശീലിച്ച് തുടങ്ങുകയാണ്.ആഴ്ചയിൽ എത്രമണിക്കൂർ  പഠിക്കണമെന്ന് തീരുമാനിച്ച് നല്ലൊരു ഗുരുവിന്റെ കീഴിൽ പഠിച്ച് തുടങ്ങുകയാണ് ആദ്യം വേണ്ടത്.
ഇനിയൊരു രഹസ്യം പറയാം.ഏതെങ്കിലും വിഷയത്തിൽ ലോക നിലവാരത്തിലുള്ള പ്രതിഭയാകാൻ 10000 മണിക്കൂർ ആ വിഷയം പഠിക്കുകയും പരിശീലിക്കുകയും ചെയ്‌താൽ മതിയെന്നാണ് ഗവേഷണങ്ങൾ തെളിയിക്കുന്നത്.ദിവസം രണ്ട് മണിക്കൂർവെച്ച് നൃത്തം പഠിച്ചാൽ 13 വർഷം കൊണ്ട് ലോക പ്രശസ്ത നർത്തകിയാകാം.ദിവസം അതിനു വേണ്ടി ചെലവിടുന്ന സമയം കൂട്ടിയാൽ ലക്ഷ്യത്തിലെത്തതാൻ വർഷവും കുറച്ച് മതി.
മാത്രമല്ല  വിഷയത്തിൽ വിദഗ്‌ദ്ധനാകുക എന്നത് ഒരു സ്ഥലത്ത് എത്തിച്ചേരുന്നത് പോലെയല്ല.അത് ഒരു പ്രക്രിയയാണ്.നമ്മൾ ചെലവിടുന്ന ഓരോ നിമിഷവും നമ്മെ ലക്ഷ്യത്തിലേക്ക് എത്തിച്ച് കൊണ്ടിരിക്കുകയാണ്.ആയതിനാൽ ഏത് തിരക്കിനിടയിലും നമ്മളുടെ മോഹപ്പട്ടികയിലെ ഇനങ്ങൾ നേടാനുള്ള യാത്രക്കായി സമയം നീക്കി വെക്കേണ്ടത് ആവശ്യമാണ് .നമ്മൾ ചെലവിടുന്ന ഓരോ മണിക്കൂറും നമ്മെ ലക്ഷ്യത്തിലേക്ക് എത്തിക്കുകയാണെന്ന് മറക്കരുത്.

Wednesday, January 1, 2020

നിയമം പഠിക്കാൻ ക്ലാറ്റ്


രാജ്യത്തെ ദേശീയ നിയമ സർവകലാശാലകളിലെ എൽ എൽ ബി  എൽ എൽ എം പ്രോഗ്രാമുകളിലെ അഡ്മിഷനുള്ള കോമൺ ലോ അഡ്മിഷൻ ടെസ്റ്റ് (ക്ലാറ്റ് )പ്രവേശനപരീക്ഷക്ക് മാർച്ച് 31 വരെ അപേക്ഷിക്കാം.മേയ് 10 നാണ് പരീക്ഷ.പരീക്ഷാഫലം മേയ് 24 ന് പ്രസിദ്ധീകരിക്കും.

വിവിധ നിയമ സർവകലാശാലകളിലെ ബി എ എൽ എൽ ബി ,ബി എസ് സി എൽ എൽ ബി ,ബി കോം എൽ എൽ ബി ,ബി ബി എ  എൽ എൽ ബി ,ബി എസ് ഡബ്ലിയു എൽ എൽ ബി എന്നീ കോഴ്സുകളിലേക്കും എൽ എൽ എമ്മിലേക്കുമാണ് അപേക്ഷിക്കാവുന്നത്.

പ്ലസ് ടുവിൽ 45 ശതമാനം മാർക്ക് നേടിയ ജനറൽ-ഒ ബി സി വിഭാഗങ്ങളിൽ പെട്ടവർക്കും 40 ശതമാനം മാർക്ക് നേടിയ പട്ടിക വിഭാഗക്കാർക്കും അപേക്ഷിക്കാം.എൽ എൽ എമ്മിന് ബിരുദ തലത്തിൽ 55 ശതമാനം നേടിയവർക്കും 50 ശതമാനം മാർക്ക് നേടിയ പട്ടിക വിഭാഗക്കാർക്കും അപേക്ഷിക്കാം.

ജനറൽ വിഭാഗക്കാർക്ക് 4000 രൂപയും പട്ടിക വിഭാഗക്കാർക്ക് 3500 രൂപയുമാണ് അപേക്ഷ ഫീസ്.വിശദ വിവരങ്ങൾ www .clatconsortiumofnlu .ac .in  എന്ന വെബ്‌സൈറ്റിൽ നിന്ന് ലഭിക്കും.

രണ്ടു മണിക്കൂർ ദൈർഖ്യമുള്ള പരീക്ഷയിൽ 150 ഒബ്ജക്റ്റീവ് മാതൃകയിലുള്ള മൾട്ടിപ്പിൾ ചോയ്സ് ചോദ്യങ്ങളാണുണ്ടാകുക.ഇംഗ്ലീഷ്,ജനറൽ നോളഡ്ജ് ആൻഡ് കറന്റ് അഫയേഴ്‌സ് ,എലിമെന്ററി മാത്തമാറ്റിക്സ് (ന്യൂമെറിക്കൽ എബിലിറ്റി ),ലീഗൽ ആപ്റ്റിട്യൂട് ,ലോജിക്കൽ റീസണിങ് എന്നീ വിഷയങ്ങളിൽ നിന്നായിരിക്കും ചോദ്യങ്ങൾ.തെറ്റായ  ഉത്തരങ്ങൾക്ക് 0.25 നെഗറ്റിവ്  മാർക്കുണ്ടായിരിക്കും.

ഇരുപത്തിയൊന്ന് ദേശീയ സർവ്വകലാശാലകളിലേക്കാണ് ക്ളാറ്റ് വഴി അഡ്മിഷൻ നടത്തുക.കോഴ്സിന്റെ അവസാന വർഷം ആകർഷകമായ വേതനത്തോടുകൂടിയുള്ള ക്യാമ്പസ് റിക്രൂട്ട്മെന്റ് ഉണ്ടായിരിക്കും.


കേരളത്തിൽ കൊച്ചി കളമശ്ശേരിയിലെ നാഷണൽ യൂണിവേഴ്സിറ്റി ഓഫ് അഡ്വാൻസ്ഡ് ലീഗൽ സ്റ്റഡീസിൽ (നുവാൽസ് )  ബി എ എൽ എൽ ബി ,
എൽ എൽ എം കോഴ്സുകളിലേക്കുള്ള അഡ്മിഷൻ നടത്തുന്നത്ക്ലാറ്റ് വഴിയാണ്.തിരുച്ചിറപ്പള്ളി,ബാംഗ്ലൂർ,വിശാഖപട്ടണം,ഹൈദരാബാദ്,
കൊൽക്കൊത്ത ,ഭോപ്പാൽ ജോദ്പുർ, റായ്പുർ ,ഗാന്ധിനഗർ ,
ലഖ്‌നൗ ,പട്യാല ,പട്ന,കട്ടക്,റാഞ്ചി,ഗുവാഹത്തി,മുംബൈ,
നാഗ്പുർ,ഷിംല,ഔറംഗബാദ്,ജബൽപൂർഎന്നിവിടങ്ങളിലാണ്
മറ്റു സർവ്വകലാശാലകൾ.

Thursday, April 3, 2014

ജീവിത വിജയം എങ്ങനെ നേടാം

വ്യക്തിത്വം വികസിപ്പിച്ച് ജീവിതവിജയം നേടുന്നത് എല്ലാവർക്കും ഇഷ്ടമാണ്‌.അതിനുവേണ്ടി നമ്മൾ പണം മുടക്കി വിവിധ ക്ലാസ്സുകളിൽ പങ്കെടുക്കുന്നു.ലേഖനങ്ങൾ വായിക്കുന്നു.പക്ഷേ ക്ലാസ്സിന്റേയൊ ലേഖനത്തിന്റേയൊചൂട് മായുന്നതോടെ നമ്മൾ പഴയ രീതിയിലേക്ക് തിരികെ പോകുന്നു.

അപ്പോൾ വ്യക്തിത്വ വികസനത്തിന്‌ എന്താനൊരു വഴി?ഏതിനും ഒരു പോംവഴിയുണ്ടല്ലോ.
രണ്ടു രീതിയിൽ വ്യക്തിത്വം വികസിക്കാം.
1.നമ്മുടെ സുഹൃത്തുക്കളുടേയൊ സാഹചര്യതിന്റെയൊ സമ്മർദ്ദം കൊണ്ട്.
നമ്മുടെ സുഹൃത്തുക്കൾ നേട്ടങ്ങൾ ആഗ്രഹിക്കുന്നവരാണെങ്കിൽ,അതിനു വേണ്ടി പരിശ്രമിക്കുന്നവരാണെങ്കിൾ അവരുടെ സ്വാധീനം നമുക്കുണ്ടാകും.
നമ്മൾ ജീവിക്കുന്ന സഹചര്യം വിട്ട് നേട്ടത്തിനുവേണ്ടി ആഗ്രഹിക്കുന്നവരുള്ള വിദ്യാലയങ്ങളിലൊ ജൊലിസ്ഥലത്തേ​‍ാ എത്തിച്ചെർന്നാലും നമുക്ക് മാറ്റാങ്ങളുണ്ടാകും.
2. വ്യക്തിത്വം വികസിപ്പിക്കണമെന്നും ജീവിതവിജയം നേടണമെന്നും നമ്മൾ   തന്നെ ആഗ്രഹിക്കുമ്പൊൾ,മാറ്റതിന്‌ നമ്മൾ സന്നധരാകുമ്പൊഴാണ്‌ ജീവിതവിജയം നമ്മെ തേടിയെത്തുന്നത്.
നമ്മുടെ ജീവിതശൈലി മാറ്റാണമെന്ന് തീരുമാനിച്ചാൽ മാത്രം പോരാ,അതിനു വേണ്ടി പരിശ്രമിക്കുകയും വേണം.അതിനു സഹായിക്കുന്ന ചില മാർഗ്ഗനിർദേശങ്ങളാണ്‌ ഈ ബ്ലോഗിലൂടെ നല്കുന്നത്.